കൊച്ചി: വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ആരംഭിച്ച നിര്‍മാണ പ്രവൃത്തികള്‍ മന്ദഗതിയിലായതോടെ പണികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഡിജിറ്റല്‍ കൗണ്ട്ഡൗണ്‍ ബോര്‍ഡ് സ്ഥാപിക്കുന്നു.
ജോലി പൂര്‍ത്തിയാക്കാന്‍ എത്ര ദിവസം ബാക്കിയുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് കൗണ്ട്ഡൗണ്‍ ബോര്‍ഡ്. കഴിഞ്ഞ ദിവസം പണികളുടെ പുരോഗതി വിലയിരുത്താന്‍ എത്തിയ ഉമ തോമസ് എംഎല്‍എയാണ് ബോര്‍ഡ് സ്ഥാപിക്കാനുള്ള നിര്‍ദേശം കരാറുകാര്‍ക്ക് നല്‍കിയത്. നൂറു ദിവസത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തീകരിക്കുകയാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുവഴി ലക്ഷ്യം വയ്ക്കുന്നതെന്നും ഉമ തോമസ് എംഎല്‍എ പറഞ്ഞു.
പണികള്‍ ആരംഭിച്ച തീയതി, പൂര്‍ത്തീകരണ തീയതി, പണി പൂര്‍ത്തിയാകാന്‍ ശേഷിക്കുന്ന ദിവസങ്ങള്‍ എന്നിവ ഡിജിറ്റല്‍ ബോര്‍ഡില്‍ രേഖപ്പെടുത്തും. ഇതുവഴി കരാറുകാര്‍ക്ക് ഉത്തരവാദിത്വം വര്‍ധിക്കും. മാത്രമല്ല പൊതുജനങ്ങള്‍ക്ക് പണികള്‍ സംബന്ധിച്ച വിവരം ലഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.
പാലാരിവട്ടത്തും കളമശേരിയിലുമടക്കം വിജയകരമായ ഗതാഗത ക്രമീകരണം കൊണ്ടുവന്ന ഇടപ്പള്ളി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായിരുന്ന ജോസഫ് ജോര്‍ജ് തയാറാക്കിയ 1.5 കോടിയുടെ പദ്ധതി അനുസരിച്ചുള്ള പണികളാണ് ഇവിടെ നടക്കുന്നത്. 2025 ജൂലൈയില്‍ രൂപരേഖയ്ക്ക് അന്നത്തെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കിയിരുന്നു. റോഡ് സേഫ്റ്റി അഥോറിറ്റി ഫണ്ട് അനുവദിച്ചതോടെ നിര്‍മാണം ആരംഭിച്ചു.
എന്നാല്‍ നിര്‍മാണത്തില്‍ കാര്യമായ വേഗതയില്ലെന്നാണ് ആക്ഷേപം. വാഹനത്തിരക്കും മഴയും നിര്‍മാണത്തെ തടസപ്പെടുത്തുന്നതായി കരാറുകാരും പറയുന്നു. റോഡുകള്‍ക്ക് വീതി ഇല്ലാത്തതും പ്രശ്നമാണ്. നിശ്ചയിച്ച സമയത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തീകരിക്കാനാണ് പരിശ്രമിക്കുന്നതെന്നും കരാര്‍ കമ്പനി വക്താവ് പറഞ്ഞു.
സിഗ്നല്‍ ഒഴിവാക്കില്ല
സിഗ്നല്‍ ഒഴിവാക്കിയുള്ള ട്രാഫിക് പരിഷ്കരണം വൈറ്റിലയില്‍ സാധ്യമല്ലെന്ന ബോധ്യത്തില്‍ നിന്നുകൊണ്ടുള്ള പരിഷ്കരണമാണ് നടക്കുന്നത്. എസ്എ റോഡ്, ഇഇ റോഡ് എന്നിവിടങ്ങളിലെ സിഗ്നലുകള്‍ നിലനിര്‍ത്തി മറ്റ് സിഗ്നലുകള്‍ ഒഴിവാക്കും. വിവിധ ദിശകളിലേക്ക് ഒരേ സമയം കൂടുതല്‍ വാഹനങ്ങള്‍ സുഗമമായി കടന്നുപോകുന്ന നിലയിലാണ് പരിഷ്കരണം.
ഇതിനായി റോഡുകളുടെയും യൂടേണുകളുടേയും വീതി കൂട്ടും. അതിനായി മീഡിയനുകള്‍ വെട്ടിപൊളിച്ച് വീതി കുറയ്ക്കും. ഒപ്പം കണിയാമ്പുഴ റോഡില്‍ നിന്ന് വൈറ്റില ഹബ് എക്സിറ്റ് റോഡിലേക്ക് പുതിയ പാത നിര്‍മിക്കും. ഫ്രീ ലിഫ്റ്റുകള്‍ പ്രോത്സാഹിപ്പിക്കുന്ന നിലയിലാണ് നിര്‍മാണം നടക്കുന്നത്. മേല്‍പ്പാലത്തിന് താഴെ യൂ ടേണ്‍ ഭാഗത്തെ വീതി 7.4 മീറ്ററാക്കി വികസിപ്പിക്കും. പരിഷ്കാരം വരുന്നതോടെ കടവന്ത്ര മുതല്‍ തൈക്കൂടം വരെയുള്ള ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.